കണ്ണൂർ: ചെറുപുഴ മീന്തുള്ളിയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ തേജസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി. പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രാജേഷ് രക്ഷപ്പെട്ട് കാട്ടിലേക്ക് കയറിയിരിക്കാമെന്ന കുടുംബാംഗങ്ങളുടെ സംശയത്തെ തുടർന്ന് കേരള, കർണാടക വനംവകുപ്പുകളുടെ സംയുക്ത സംഘം കർണാടക വനത്തിനുള്ളിൽ തെരച്ചിൽ നടത്തുന്നതിനിടയിലാണ് ഭൗതികശരീരം തുരുത്തിൽ കണ്ടെത്തിയത്.
മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ കർഷകനായ ബെന്നി (61) എന്നയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്.
കൃഷിയിടത്തിൽ മരത്തിൽ പിടിച്ച് നിന്ന ബെന്നിയെ റാഫ്റ്റിലെത്തിയ രാജേഷും സംഘവും കയർ ഉപയോഗിച്ച് കരയിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനിടെ ഏറ്റവും പിന്നിലുണ്ടായിരുന്ന രാജേഷിന്റെ പിടിവിട്ട് ശക്തമായ ഒഴുക്കിലേക്ക് പെടുകയായിരുന്നു.
തന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ തൃണവൽഗണിച്ച രാജേഷിനായി പ്രാർത്ഥനയോടെ കഴിയുകയായിരുന്നു ബെന്നിയും കുടുംബവും.